ഞങ്ങളെ കുറിച്ച്

ഓപ്പൺ ഫ്രെയിം


നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മ

2005 മെയ് മാസത്തിൽ പയ്യന്നൂരിൽ രൂപം കൊണ്ട ഫിലിം സൊസൈറ്റിയാണ് ഓപ്പൺ ഫ്രെയിം. കേരളത്തിലെ തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സമുന്നതരായ വ്യക്തിത്വങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ചാണ് ഇന്നും ഓപ്പൺ ഫ്രെയിം പ്രവർത്തിക്കുന്നത്. പയ്യന്നൂർ ഗാസി പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ എയർ തിയേറ്ററിൽ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ സി.വി.ബാലകൃഷ്ണനാണ് ഓപ്പൺ ഫ്രെയിമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അഞ്ചു ദിവസം നീണ്ടു നിന്ന തികച്ചും ജനകീയമായ ചലച്ചിത്രോത്സവത്തോടയാണ് സുദീർഘമായ അതിന്റെ യാത്ര ഓപ്പൺ ഫ്രെയിം ആരംഭിച്ചത്. ആദ്യ വർഷം തന്നെ പ്രതിമാസം ഒരു ചലച്ചിത്രമേള എന്ന നിലയില്‍ ഓപ്പൺ ഫെയിം പയ്യന്നൂരിൽ നിരന്തരമായി ചലച്ചിത്ര പ്രദർശനങ്ങൾ നടത്തി വരുന്നുണ്ട്.


പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങൾ

വ്യത്യസ്ത പ്രമേയങ്ങളിൽ ഊന്നിയും സംവിധായകരിൽ ഊന്നിയും ഉള്ള ചലച്ചിത്രമേളകളാണ് ഓപ്പൺ ഫ്രെയിം ആദ്യമാസം മുതൽ നടത്തിവരുന്നത്. ചലച്ചിത്ര പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട പഴയകാല സിനിമകൾ വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കുമ്പോൾ തന്നെ സമകാലിക ലോകസിനിമയുടെ മുഖം പരിചയപ്പെടുത്താനും ഓപ്പൺ ഫ്രെയിം ശ്രദ്ധിച്ചുവരുന്നുണ്ട്. ലോകത്തെ പ്രധാനപ്പെട്ട മേളകളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളും പ്രശസ്ത സംവിധായകരുടെ പുതിയ ചിത്രങ്ങളും സ്ഥിരമായി പ്രദർശിപ്പിക്കാറുണ്ട്. ചലച്ചിത്ര പ്രദർശനത്തിനുള്ള മുഴുവൻ ഉപകരണങ്ങളും സ്വന്തമാക്കിയതിന് ശേഷമാണ് ഓപ്പൺ ഫ്രെയിം ചലച്ചിത്ര പ്രദർശനങ്ങൾ ആരംഭിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ബാങ്ക് വായ്പ എടുത്ത് വാങ്ങിയ പ്രൊജക്റ്റർ, ജനറേറ്റർ, ശബ്ദസംവിധാനം എന്നിവയുടെ ബാധ്യതകൾ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിച്ചത് ഓപ്പൺ ഫ്രെയിമിന്റെ ആദ്യകാലത്തെ നാൽപ്പതോളം വരുന്ന ലൈഫ് മെമ്പർമാരാണ്. പ്രതിമാസം നൂറ് രൂപ വീതം ശേഖരിച്ച് ബാങ്കിൽ അടച്ചാണ് കടബാധ്യതകൾ തീർത്തത്. സ്കൂളുകളിൽ കട്ടികൾക്ക് വേണ്ടി ചലച്ചിത്ര പ്രദർശനങ്ങൾ ഒരുക്കിയതും കലാസമിതികളുമായി സഹകരിച്ച് ചലച്ചിത്രമേളകൾ നടത്തി ചെറിയ സംഭാവനകൾ ശേഖരിച്ചതും ഇക്കാര്യത്തിന് സഹായകമായി.


ഡോക്യുമെന്ററി നിർമ്മാണം

ഓപ്പൺ ഫ്രെയിമിന്റെ ആദ്യുദയകാംക്ഷികളിൽ ഒരാളും ഇന്ത്യയാലെ അറിയപ്പെടുന്ന ശിൽപ്പിയുമായ അശോകൻ പൊതുവാളുടെ ആകസ്മികമായ വേർപാട് ഓപ്പൺ ഫ്രെയിമിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു. പയ്യന്നൂരിനെ ശിൽപ്പ / ചിത്രകലാ ഭൂപടത്തിൽ രാജ്യത്താകമാനം അടയാളപ്പെടുത്തിയ അശോകൻ പൊതുവാളുടെ ജീവിതത്തെ, അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ ആവുംവിധം ഡോക്യുമെന്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഓപ്പൺ ഫെയിം അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ നിർമ്മിക്കുകയുണ്ടായി. ഇരുളിലെന്നപോലെ എന്ന ജിനേഷ് കുമാർ എരമം രചനയും സംവിധാനവും നിർവ്വഹിച്ച പ്രസ്തുത ഡോക്യുമെന്ററി നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. അശോകൻ പൊതുവാളുടെ വേർപാടിനു ശേഷം എല്ലാ വർഷവും അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് ഓപ്പൺ ഫ്രെയിം പ്രഭാഷണങ്ങളും കലാകാരന്മാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതും കല പ്രമേയമായതും ആയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പ്രമേയം മുൻ നിർത്തിയുള്ള ചലച്ചിത്രമേളകൾ

ഫെബ്രുവരി മാസത്തിൽ നടത്തുന്ന അശോകൻ പൊതുവാൾ സ്മൃതി കൂടാതെ നിരവധി പ്രമേയങ്ങളെ മുൻനിർത്തിയുള്ള മേളകളും ഓപ്പൺ ഫ്രെയിം സംഘടിപ്പിക്കാറുണ്ട്. മാർച്ച് മാസത്തിൽ നടത്തുന്ന സ്ത്രീപക്ഷ ചലച്ചിത്രമേള, ആഗസ്ത് മാസത്തിൽ നടത്തുന്ന യുദ്ധവിരുദ്ധ ചലച്ചിത്രമേള എന്നിവ എല്ലാ വർഷവും ആവർത്തിക്കുന്ന ചലച്ചിത്രമേളകളാണ്. കൂടാതെ ഭക്ഷണം, പരിസ്ഥിതി, സംഗീതം, സാഹിത്യം മുതലായ പ്രമേയങ്ങൾക്കധികരിച്ചുള്ള ചിത്രങ്ങൾക്കായും പ്രത്യേകം മേളകൾ സംഘടിപ്പിക്കാറുണ്ട്


ക്ലാസിക് ചലച്ചിത്രമേള

കഴിഞ്ഞ അഞ്ച് വർഷമായി ഓപ്പൺ ഫ്രെയിം വലിയ പ്രാധാന്യത്തോടെ നടത്തുന്ന ചലച്ചിത്ര മേളയാണിത്. പത്തു ദിവസങ്ങളിലായി പത്ത് ക്ലാസിക് സിനിമകൾ പൊതു പ്രദർശനം നടത്തുന്ന സന്ദർഭമാണിത്. ലോക സിനിമാ ചരിത്രത്തിലെ ഒളിമങ്ങാത്ത കലാസൃഷ്ടികളായ ക്ലാസിക്ക് ചലച്ചിത്രങ്ങൾ മലയാളത്തിൽ ഉപശീർഷകങ്ങൾ ചെയ്ത് ഈ മേളയിൽ പ്രദർശിപ്പിക്കും. സംവിധായകരായ കുമാർ സാഹ്നി, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കൂടിയായ കമൽ, നടൻ ഇന്ദ്രൻസ്, ഫിലിം സൊസൈറ്റി പ്രവർത്തകൻ ചെലവൂർ വേണു, നിരൂപകനായ വി കെ ജോസഫ് മുതലായവർ ക്ലാസിക് മേളകളിൽ മുഖ്യാതിഥികളായി എത്തിയിട്ടുണ്ട്. ഇതുവരെ നാല് മേളകളിലായി നാൽപ്പതോളം ക്ലാസിക് സിനിമകൾ മലയാളത്തിൽ ഉപശീർഷകങ്ങൾ തയ്യാറാക്കി ഓപ്പൺ ഫ്രെയിം പ്രദർശിപ്പിച്ച് കഴിഞ്ഞു.


മലയാളം ഉപശീർഷകനിർമ്മാണം

ലോകസിനിമകൾക്ക് മലയാളം ഉപശീർഷകം എന്ന ആശയത്തിന്റെ തുടക്കം മുതൽ അതിന്റെ കൂടെ പ്രായോഗികമായും സൈദ്ധാന്തികമായും നിലയുറപ്പിച്ച ഫിലിം സൊസൈറ്റിയാണ് ഓപ്പൺ ഫ്രെയിം. മലയാളം ഉപശീർഷകത്തിന്റെ രാഷ്ട്രീയവും അത് ചലച്ചിത്രാസ്വാദനത്തിനും ഭാഷാ പ്രവർത്തനങ്ങൾക്കും നൽകുന്ന ഉണർവ് തിരിച്ചറിഞ്ഞു കൊണ്ടാണ് ഓപ്പൺ ഫ്രെയിം കേരളത്തിൽ ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. സമകാലിക സിനിമകൾക്കൊപ്പം ക്ലാസിക് സിനിമകളും തുടർച്ചയായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ടിരുന്നു. ഇന്ന് ഇരുനൂറിൽ അധികം സിനിമകൾക്ക് ഓപ്പൺ ഫ്രെയിം മലയാളം പരിഭാഷ നൽകിക്കഴിഞ്ഞു.


അന്താരാഷ്ട്ര ചലച്ചിത്രമേള

ഓപ്പൺ ഫ്രെയിം ആരംഭിച്ചതു മുതൽക്ക് തന്നെ പ്രതിവർഷം ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വിപുലമായി സംഘടിപ്പിക്കുക പതിവായിരുന്നു. തിരുവനന്തപുരം, ഗോവ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമകൾ സംഘടിപ്പിച്ച് നടത്തുന്ന ഈ മേള, ഇവിടങ്ങളിൽ പോയി സിനിമ കാണാൻ കഴിയാത്ത പയ്യന്നൂരും പരിസരത്തുമുള്ള ചലച്ചിത്ര പ്രേമികളുടെ അത്താണിയാണ്. 2012 മുതൽ പയ്യന്നൂരും പരിസരത്തുമുള്ള തിയേറ്ററുകളിലാണ് ഈ മേള സംഘടിപ്പിച്ചു വരുന്നത്. അങ്ങിനെ നോക്കുമ്പോൾ തിയേറ്ററുകളിൽ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് ഇക്കറി നടക്കുന്നത്. 2020 ഫെബ്രുവരി 8 മുതൽ 12 വരെ പയ്യന്നൂർ ദിവ്യാ ടാക്കീസിൽ വെച്ച് നടത്തുന്ന മേളയിൽ 25 സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ പ്രദർശിപ്പിക്കും.


സിനിലോഗ്

ഓപ്പണ്‍ ഫ്രെയിം പ്രതിമാസ മേളകള്‍, ക്ലാസിക് മേള, അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവയുടെ ഭാഗമായി പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് സിനിലോഗ്. പ്രദര്‍ശിപ്പിക്കുന്ന സിനിമകളെക്കുറിച്ചുള്ള സിനോപ്സിസ്, ചിത്രങ്ങള്‍, അറിയിപ്പുകള്‍ മുതലായവയാണ് സിനിലോഗില്‍ ഉള്‍പ്പെടുത്താറുള്ളത്.


ഓപ്പൺ ഫ്രെയിം ശില്പശാലകൾ

ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി വിദ്യാർത്ഥികൾക്കായി നിരവധി ചലച്ചിത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. വിവിധ സ്കൂളുകളിലായി 200-ൽ അധികം ഏകദിന ശിൽപ്പശാലകൾ നടത്താൻ സാധിച്ചിട്ടുണ്ട്. കുട്ടികൾക്കായി പയ്യന്നൂരിൽ വെച്ച് ഓപ്പൺ ഫ്രെയിമിന്റെ തനത് നേതൃത്വത്തിൽ നടത്തിയ രണ്ട് ശിൽപ്പശാലകളും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തിയ രണ്ട് ശിൽപ്പശാലകളും ശ്രദ്ധേയമായിരുന്നു, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തും പയ്യന്നൂരും വെച്ച് നടത്തിയ മലയാളം ഉപശീർഷകശിൽപ്പശാലകൾ ഈ രംഗത്തെ ഓപ്പൺ ഫ്രെയിമിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു.

കേരളത്തിലെ ഫിലിം സൊസൈറ്റികൾക്ക് മാതൃകയാവും വിധം തുടർച്ചയായും സജീവമായും പ്രവർത്തിക്കാൻ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിക്ക് ഇന്നുവരെ സാധിച്ചിട്ടുണ്ട്.