ഓപ്പണ്‍ ഫ്രെയിം

2005 മുതൽ പയ്യന്നൂരിൽ പ്രവർത്തിച്ചുവരുന്ന ഫിലിം സൊസൈറ്റിയാണ് ഓപ്പൺ ഫ്രെയിം. പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും സിനിമാതൽപരരായ ജനങ്ങളിലേക്ക് മികച്ച സിനിമ തീർത്തും സൗജന്യമായി എത്തിക്കുക എന്നതാണ് ഓപ്പൺ ഫ്രെയിമിന്റെ പ്രഖ്യാപിത ലക്ഷ്യം. പ്രതിമാസം പയ്യന്നൂരിൽ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾ ഓപ്പൺ ഫ്രെയിം സംഘടിപ്പിച്ചു വരുന്നുണ്ട്. കൂടാതെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസിക് ചലച്ചിത്രോത്സവം, ഇന്ത്യൻ സിനിമകളുടെ മേള എന്നിവയും സ്ഥിരമായി നടത്തി വരുന്നു. കേരളത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള മലയാളികളായ ചലച്ചിത്രാസ്വാദകർക്ക് വേണ്ടി ലോക സിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ നൽകുന്ന പ്രവർത്തനവും ഓപ്പൺ ഫ്രെയിം ചെയ്തു വരുന്നുണ്ട്.

പയ്യന്നൂരിൽ നൂറു പേർക്കെങ്കിലും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന് ചെറിയ രീതിയിലുള്ള തീയറ്റർ സംവിധാനം ഒരുക്കുക എന്നത് ഓപ്പൺ ഫ്രെയിമിന്റെ ചിരകാല സ്വപ്നമാണ്. പയ്യന്നൂർ പോലെയൊരു പ്രദേശത്ത് ഇത്തരത്തിൽ ഒരു സൗകര്യവും നിലവിലില്ല എന്നത് ഒരു ഫിലിം സൊസൈറ്റി എന്ന നിലയിൽ ഞങ്ങളുടെ പ്രവർത്തനത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം ലോകസിനിമകളുടെ കളക്ഷനുകൾ ഉൾപ്പെടുത്തിയ ഒരു വിപുലമായ ഡിജിറ്റൽ ലൈബ്രറിയും ഓപ്പൺ ഫ്രെയിമിന്റെ ലക്ഷ്യമാണ്.

ഈ മേഖലയോട് സ്നേഹമുള്ള കുറേ മനുഷ്യർ നൽകുന്ന സംഭാവനകൾ കൊണ്ടാണ് ഞങ്ങളുടെ പ്രതിമാസപ്രദർശനങ്ങൾക്കുള്ള ചെലവ് ഇപ്പോൾ കണ്ടെത്തുന്നത്. അതുപോലെ ഓപ്പൺ ഫ്രെയിമിന്റെ സ്വപ്നസാക്ഷാത്കാരത്തിനും പ്രിയപ്പെട്ട നല്ലവരായ സുഹൃത്തുക്കളഉടെ സഹകരണങ്ങള്‍ ആവശ്യമാണ്. പറ്റാവുന്നവർ ഇക്കാര്യത്തിൽ ഓപ്പൺ ഫ്രെയിമിനെ അകമഴിഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.