പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മാർട്ടിൻ സ്കോസെസി ഓൺലൈൻ ചലച്ചിത്രമേളയ്ക്ക് 2021 നവംബർ 17 ന് തുടക്കമാവും. ലോകസിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാളായും ഐതിഹാസിക മാനമുള്ള ചലച്ചിത്രങ്ങളുടെ സ്രഷ്ടാവായും  വാഴ്ത്തപ്പെടുന്ന  മാർട്ടിൻ സ്കോസെസിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നാല് സിനിമകൾ ഉൾപ്പെടുത്തിയുള്ള  ഓൺലൈൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഗോൾഡൻ ഗ്ലോബ്, പാം ഡി ഓർ, ഓസ്കാർ പുരസ്കാരങ്ങൾ  അടക്കം നിരവധി ചലച്ചിത്ര ബഹുമതികൾ ലഭിച്ച ഈ സംവിധായകൻ്റെ ഏറ്റവും മികച്ച നാല് സിനിമകളാണ് 17 മുതൽ 20 വരെ വൈകുന്നേരം ആറുമണി മുതൽ ഓപ്പൺ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത്. Goodfellas / ഗുഡ്ഫെല്ലാസ് (1990), The Departed / ദി ഡിപ്പാർട്ടഡ് (2006), Shutter Island / ഷട്ടർ ഐലൻഡ് (2010), The Irishman / ദി ഐറിഷ്മാൻ (2019) എന്നീ ചിത്രങ്ങളാണ് ഇംഗ്ലീഷ് മലയാളം ഉപശീർഷകങ്ങളോടെ പ്രദർശിപ്പിക്കുക. ഡോ. കെ സി മുരളീധരൻ സ്കോസെസി ഫെസ്റ്റിവലിന് ആമുഖഭാഷണം നടത്തും.


ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം ഡിസം 3 മുതൽ 6 വരെ ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഴാങ് ലൂക് ഗൊദാർദിന്റെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന നാലുസിനിമകളാണ് ഗൊദാർദ് ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രെത്ത്‌ലെസ്, ബാൻഡ്  ഒഫ്  ഔട്ട്സൈഡേഴ്സ്, മാസ്കുലിൻ ഫെമിനിൻ, വീക്കെൻഡ്  എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ  ജന്മദിനം തൊട്ട് നാലുനാളുകളിലായി (ഡിസം 3 മുതൽ 6 വരെ) openframe.online എന്ന പ്ലാറ്റ്ഫോമിൽ വൈകുന്നേരം ആറുമണിമുതലാണ് പ്രദർശിപ്പിക്കുക. ഡിസം 3 ന് വൈകുന്നേരം 6 മണിക്ക്  പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുംImage_not_found


എൻഡോസൾഫാൻ എന്ന മാരക ജീവനാശിനി പെയ്തിറങ്ങി ജീവിതം മുരടിച്ചുപോയ നിസ്സഹായരായ മനുഷ്യര്‍ നീതിക്കായി ഇപ്പോഴും തെരുവില്‍ സമരത്തിലാണ്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് ദുരിതാശ്വാസം എത്തിക്കാനുമുള്ള സമരത്തോടൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. പലതവണ പറഞ്ഞു ബോധ്യപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാടെടുക്കാൻ ഭരണകൂടം കാണിക്കുന്ന വൈമുഖ്യമാണ് അടിയന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത്. പുതിയ എന്തെങ്കിലും ആവശ്യങ്ങളല്ല എൻഡോസൾഫാൻ ഇരകൾ ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഹരിതവിപ്ലവത്തെക്കുറിച്ചും കാര്‍ഷികോത്പാദന വർധനവിനെക്കുറിച്ചും അതിൽ കീടനാശിനി വഹിക്കുന്ന പങ്കിനെക്കുറിച്ചെല്ലാമുള്ള വമ്പൻ അവകാശവാദങ്ങളെ തകിടംമറിച്ച അനുഭവമായിരുന്നു പ്ലാന്റേഷന്‍ കോർപ്പറേഷൻ കീടനാശിനി തളിക്കുന്നതിലൂടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ലോകത്തിനു മുന്നിൽ തുറന്നിട്ടത്. എന്നാൽ ശക്തമായ കീടനാശിനിലോബി ഇതൊന്നും എൻഡോസൾഫാൻ മൂലം ഉണ്ടായതല്ല എന്ന് സ്ഥാപിച്ചെടുക്കാൻ അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളിൽ മിക്കതും നിരോധിച്ച കീടനാശിനി ആകാശത്തുനിന്ന് തളിച്ചതിന്റെ ഇരകളാണ് ഇന്ന് കാസർഗോഡ് ദുരിതമനുഭവിക്കുന്ന ഓരോ തലമുറയും എന്ന് തിരിച്ചറിഞ്ഞ മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ടും വിദഗ്ധസമിതികളുടെ റിപ്പോർട്ടുകളും മനുഷ്യാവകാശ കമ്മീഷൻ ശുപാർശകളും സുപ്രീംകോടതിവിധികളും എല്ലാം വ്യക്തമാക്കിയ വസ്തുതകൾ നിലനിൽക്കുന്നു. ദുരിതബാധിതരുടെ പ്രശ്നങ്ങൾ ശാസ്ത്രസാങ്കേതിക പ്രശ്നങ്ങളുടെ നൂലാമാലകളിൽ കുരുക്കി അർഹരായ ഇരകളുടെ അവകാശം നിരോധിക്കുന്ന ക്രൂരതയും നിസ്സംഗതയുമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അതിനെതിരെയാണ് കേരളമാകെയും ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്.

ഓപ്പൺ ഫ്രെയിം 'പ്രതിരോധത്തിന്റെ കാഴ്ചകള്‍' എന്ന സവിശേഷമായ ഈ ചലച്ചിത്രമേള നടത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കാസർഗോട്ടെ കീടനാശിനി ദുരിതം പ്രമേയമായി സ്വീകരിച്ച അഞ്ചു സിനിമകളാണ് എൻഡോസൾഫാൻ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഈ ഓണ്‍ലൈന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ മുതല്‍ ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online/ ല്‍ ഈ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും.

കാസര്‍ഗോട്ടെ എൻഡോസൾഫാൻ ദുരന്തം തന്റെ ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത് ലോകത്തെ ഞെട്ടിച്ച മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് ഈ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഡോക്ടർ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, മനോജ് കാനയുടെ അമീബ, എം എ റഹ്മാൻ സംവിധാനം ചെയ്ത അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം, കെ ആർ മനോജിന്റെ പെസ്റ്ററിങ് ജേണി, സാജന്‍ സിന്ധുവിന്റെ പച്ചിലക്കൂട് എന്നീ ചിത്രങ്ങൾ ഈ പ്രതിരോധ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

ജീവകാരുണ്യപരമായും സാമൂഹികമായും എൻഡോസൾഫാൻ ഇരകളോട് ഐക്യപ്പെടുക എന്ന ചുമതല നിറവേറ്റുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഓപ്പണ്‍ ഫ്രെയിം ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ ഉണ്ടായ കാലഘട്ടത്തിനേക്കാള്‍ പ്രസക്തി ഇന്ന് ഇവയ്ക്ക് ഉണ്ട്. വര്‍ത്തമാനത്തിന്റെ കടുംനിറച്ചാര്‍ത്തുകളില്‍ മാത്രം അഭിരമിക്കുന്ന പുതിയകാലത്തെ ചിലരെങ്കിലും, ഭരണകൂടത്തിന്റെ നിരന്തരമായ ശിക്ഷകള്‍ക്ക് ഒരു തെറ്റും ചെയ്യാതെതന്നെ ഇരകളാകേണ്ടിവരുന്ന ഈ സിനിമകളിലെ മനുഷ്യരുടെ പ്രകാശം കുറഞ്ഞ ജീവിതത്തിലേക്ക് ഉറ്റുനോക്കാന്‍ മനസ്സുകാണിച്ചെങ്കില്‍ ഈ ചലച്ചിത്രോത്സവത്തിന് വേണ്ടി ഓപ്പണ്‍ ഫ്രെയിം പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനം വൃഥാവിലാവില്ല.

എൻഡോസൾഫാൻ ഇരകളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തുടർന്നും അനുവദിക്കാനും സുപ്രീംകോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാനും കാസർഗോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റുകളെയടക്കം നിയമിച്ച് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കൊപ്പം നിന്നുകൊണ്ട് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി.

'പ്രതിരോധത്തിന്റെ കാഴ്ചകള്‍' എന്ന ഈ ചലച്ചിത്രമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.Image_not_found


പ്രമുഖ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ 109 മത് ജന്മദിനമാണ് 2021 സെപ്റ്റംബർ 29. ലോകസിനിമയിലെ സംവിധായക പ്രതിഭകളിൽ ഒരാളായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ മൂന്ന് സിനിമകൾ അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് 29 മുതൽ ഓപ്പൺ ഫ്രെയിം ഓൺലൈനിൽ പ്രദർശിപ്പിക്കുന്നു.

ലാ നൊട്ടെ, ലാ അവ്വെജ്യുറ, ബ്ലോ അപ്പ് എന്നീ ചിത്രങ്ങൾ മലയാളം ഇംഗ്ലീഷ് ഉപശീർഷകങ്ങളോടെയാണ് പ്രദർശിപ്പിക്കുന്നത്. സിനിമകൾ ചലച്ചിത്ര നിരൂപകനും പരിസ്ഥിതി പ്രവർത്തകനുമായ കെ രാമചന്ദ്രൻ പരിചയപ്പെടുത്തും.

മുഴുവൻ സുഹൃത്തുക്കളെയും openframe.online/ എന്ന സൈറ്റിലേക്ക് മൈക്കലാഞ്ചലോ അൻ്റോണിയോണി ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിനായി ക്ഷണിക്കുകയാണ്.

നമ്മുടെ സൈറ്റിൽ ആദ്യമായി നമ്മൾ നടത്തുന്ന ഓൺലൈൻ ചലച്ചിത്ര മേളയാണ് ഇത്. എല്ലാ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും പങ്കിടുമല്ലോ.Image_not_found


ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങിനെ, അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എന്തൊക്കെയായിരുന്നു, പുതിയ കാലഘട്ടത്തിലും അവ എങ്ങിനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന മൂന്നു ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ 152 ആം ജന്മവാര്‍ഷിക ദിനം മുതല്‍ മൂന്നു ദിവസങ്ങളിലായി കേരളാ ചലച്ചിത്ര അക്കാദമിയുടെയും പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം എന്ന ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നു.

‘ഗാന്ധി ചലച്ചിത്രോത്സവ’ത്തിന്റെ ഒന്നാം ദിവസം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’ എന്ന സിനിമയും രണ്ടാം ദിവസം റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉപശീര്‍ഷകങ്ങള്‍ ഉണ്ടായിരിക്കും. മൂന്നാം ദിവസം ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ‘കൂര്‍മ്മാവതാര’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കും.

സിനിമകള്‍ കാണാനായി openframe.online/എന്ന സൈറ്റ് സന്ദര്‍ശിക്കുക.