Featured Event

'ഇന്ത്യൻ പനോരമ' മനോജ് കാന ഉദ്ഘാടനം ചെയ്യും.

Image_not_found
 • തീയ്യതി

  22 ജനുവരി 18,19,20,21

 • സമയം

  6 PM

 • വേദി

  പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂള്‍

പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പ്രതിമാസ ചലച്ചിത്രപ്രദർശനങ്ങൾ പുന:രാരംഭിക്കുന്നു. പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 18 മുതൽ 21 വരെ സംഘടിപ്പിക്കുന്ന 'ഇന്ത്യൻ പനോരമ'യിൽ ലോകോത്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ നാല് ഇന്ത്യൻ സിനിമകളാണ് പ്രദർശിപ്പിക്കുക. മേളയുടെ ഉദ്ഘാടനം ജനുവരി 18ന് വൈകുന്നേരം 6 മണിക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ മനോജ് കാന നിർവഹിക്കും. അതനു ഘോഷിന്റെ 'ബിനി സുതോയ് ' (ബംഗാളി / Without Strings), ഡോൺ പാലത്തറയുടെ '1956 സെൻട്രൽ ട്രാവൻകൂർ' (മലയാളം), പ്രതീക് വാട്സിന്റെ 'ഈബ് അലേ ഓ!' (ഹിന്ദി), മനോജ് ലിയോണൽ ജാസണും ശ്യാം സുന്ദറും ചേര്‍ന്ന് സംവിധാനം ചെയ്ത 'കുതിരവാൽ' (തമിഴ്) എന്നീ സിനിമകളാണ് മേളയില്‍ പ്രദർശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, എല്ലാ ദിവസവും വൈകുന്നേരം ആറര മണി മുതൽ ആരംഭിക്കുന്ന ചലച്ചിത്ര പ്രദർശനത്തിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണ്.Featured Event

ഒക്ടോബര്‍ മാസ ചലച്ചിത്രമേള

 • തീയ്യതി

  ഒക്ടോബര്‍ 11,12,13

 • സമയം

  6.30 PM

 • വേദി

  GGHSS PAYYANUR

ഓപ്പണ്‍ ഫ്രെയിം ഒക്ടോബര്‍ മാസ ചലച്ചിത്രമേള 2022 ഒക്ടോ. 11,12,13 തീയ്യതികളില്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. സമകാലിക ലോകസിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. Juho Kuosmanen സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം കമ്പാര്‍ട്ട്‌മെന്റ് നമ്പര്‍ 6 ആണ് ഒന്നാംദിവസം പ്രദര്‍ശിപ്പിക്കുക. ഒക്ടോ. 12 ന് കുടിയേറ്റത്തിന്റെയും ജീവിതസംഘര്‍ഷങ്ങളുടെയും ആവിഷ്കാരമായ മിനാരി എന്ന കൊറിയന്‍ സിനിമയും മേളയുടെ അവസാനദിവസമായ ഒക്ടോ. 13 ന് നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്ത ഫ്രഞ്ച് സിനിമയായ പെറ്റിറ്റ് മമൊയും പ്രദര്‍ശിപ്പിക്കും. എല്ലാ സിനിമകളും മലയാളം സബ്ടൈറ്റിലോടെ യാണ് പ്രദര്‍ശിപ്പിക്കുക.

Featured Event

കാര്‍ലോസ് സോറ ജന്മദിന ചലച്ചിത്രോത്സവം

 • തീയ്യതി

  20222 ഡിസംബര്‍ 4 -7

 • സമയം

  6 PM

 • വേദി

  ഓണ്‍ലൈനില്‍

വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരനും ഫോട്ടോഗ്രാഫറും എഴുത്തുകാരനും ആയ കാര്‍ലോസ് സോറയുടെ ഏറ്റവും മികച്ച നാലു സിനിമകള്‍ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനത്തില്‍ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നു. Carmen, Cría cuervos, La Caza, Tango എന്നീ ചിത്രങ്ങള്‍ 2022 ജനുവരി 4 മുതല്‍ 7 വരെ വൈകുന്നേരം 6 മണി മുതല്‍ ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ https://openframe.online എത്തി നല്ല സിനിമയെ സ്നേഹിക്കുന്ന മുഴുവനാളുകള്‍ക്കും സൗജന്യമായി കാണാവുന്നതാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഓണ്‍ലൈനില്‍ മറ്റൊരിടത്തും ലഭ്യമല്ലാത്ത ഈ സിനിമകള്‍ കാണുന്നതിനുള്ള അപൂര്‍വ്വമായ സന്ദര്‍ഭമായി കാര്‍ലോസ്‌ സോറാ ജന്മദിന ചലച്ചിത്രോത്സവത്തെ പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Featured Event

യാസുജിറോ ഓസു ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം

 • തീയ്യതി

  12,13,14,15 Dec 2021

 • സമയം

  6 PM

 • വേദി

  ഓണ്‍ലൈന്‍

യാസുജിറോ ഓസു ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം 2021 ഡിസംബര്‍ 12 മുതല്‍ 15 വരെ വൈകുന്നേരം 6 മണി മുതല്‍ യാസുജിറോ ഓസുവിന്റെ (1903–1963) ജനനവും മരണവും ഡിസംബര്‍ 12 ന് ആണ്. അറുപതാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിതനായി അകാലചരമമടയുമ്പോഴേക്കും ഓസു അമ്പതില്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. നിശ്ശബ്ദസിനിമയുടെയും ശബ്ദചിത്രങ്ങളുടെയും കാലത്തും കറുപ്പിന്റെയും വെളുപ്പിന്റെയും കളര്‍ ചിത്രങ്ങളുടെയും കാലത്തും വ്യാത്യസ്തമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി പരിഗണിക്കുന്ന ടോക്യോ സ്റ്റോറി, ലോകത്ത് ഇന്നേവരെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തായ സിനിമകളില്‍ മൂന്നാമത്തെ ചിത്രമായി സൈറ്റ് ആന്‍ഡ്‌ സൌണ്ട് മാഗസിന്‍ 2012 ല്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവും മഹാന്മാരായ പത്തുസംവിധായകരില്‍ ഒരാളായും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് യാസുജിറോ ഓസുവിനെ പരിഗണിക്കുന്നു. ജാപ്പനീസ് സിനിമയിലെ ക്ലാസിക്കുകളായി പരിഗണിക്കുന്ന ഓസുവിന്റെ ദ ഓണ്‍ലി സണ്‍ (1936), ലേറ്റ് സ്പ്രിംഗ് (1949), ഏര്‍ലി സമ്മര്‍ (1951), ടോക്യോ സ്റ്റോറി (1953) എന്നീ നാലുചിത്രങ്ങള്‍ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി അദ്ദേഹത്തിന്റെ 118 -ാം ജന്മദിനത്തോട് അനുബന്ധിച്ച് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുകയാണ്. എല്ലാ ചിത്രങ്ങള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഉപശീര്‍ഷകങ്ങള്‍ ഉണ്ടാവും. നിരൂപകരും സിനിമാപ്രേമികളും ലോകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി കരുതുന്ന യാസുജിറോ ഓസുവിന്റെ ഏറ്റവും മികച്ച സിനിമകള്‍ കാണുന്നതിനായി ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online ലേക്ക് പ്രിയ സുഹൃത്തുക്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Featured Event

December Event

Image_not_found


ഓപ്പൺ ഫ്രെയിം ഡിസംബർമാസ ചലച്ചിത്രോത്സവം ഡിസംബർ 27, 28, 29 തീയ്യതികളിൽ പയ്യന്നൂർ എവറസ്റ്റ് ബിൽഡിങ്ങിലെ കൈരളി മിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വച്ച് ഏറ്റവും മികച്ച മലയാളം ഉപശീർഷകങ്ങൾക്കുള്ള പുരസ്കാരം നേടിയ 3 ചിത്രങ്ങളാണ് ഓപ്പൺ ഫ്രെയിം ഇക്കുറി പ്രദർശിപ്പിക്കുന്നത്. മലയാളം ഉപശീർഷകങ്ങൾക്കായുള്ള എംസോൺ കൂട്ടായ്മയിലെ അംഗങ്ങൾ ആണ് ഈ വിവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ഡിസംബർ മാസ മേളയിലെ ചിത്രങ്ങൾ പൊതുവിൽ ദൈർഘ്യം കൂടുതലുള്ള സിനിമകൾ ആയതുകൊണ്ട് പ്രദർശനം കൃത്യം 5 30 ന് ആരംഭിക്കും.

പ്രശസ്ത തുർക്കി സംവിധായകൻ നൂറി ബിൽഗെ സീലാൻ സംവിധാനം ചെയ്ത 'ദ വൈൽഡ് പീയർ ട്രീ' ആണ് മേളയുടെ ആദ്യ ദിവസം പ്രദർശിപ്പിക്കുക. കാൻ ചലച്ചിത്രോത്സവത്തിൽ പാം ദി ഓർ പുരസ്കാരത്തിന് മത്സരിച്ച ഈ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് പട്ടികയിലും ഇടം പിടിച്ച ചിത്രമാണ്. ഷിഹാബ് എ ഹസ്സൻ ആണ് ഈ ചിത്രത്തിന് ഉപശീർഷകം തയ്യാറാക്കിയത്.

മേളയുടെ രണ്ടാം ദിവസം ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്ര സംവിധായകൻ ആന്ദ്രേ തർക്കോവ്സ്കിയുടെ സ്റ്റാൾക്കർ ആണ് പ്രദർശിപ്പിക്കുക. 1980 ലെ കാൻ ചലച്ചിത്രോത്സവത്തിൽ ആന്ദ്രേ തർക്കോവ്സ്കിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് സ്റ്റാൾക്കർ. ഗായത്രി മാടമ്പി ആണ് ഈ ചിത്രത്തിന് ഉപശീർഷകം തയ്യാറാക്കിയത്.

മേളയുടെ മൂന്നാം ദിവസം പ്രശസ്ത യുഗോസ്ലാവിയൻ ചിത്രമായ കോ ടോ ടാമോ പേവ ( Who's Singin' Over There?)പ്രദർശിപ്പിക്കും. ചിക്കാഗോ, മോൺട്രിയൽ തുടങ്ങിയ ചലച്ചിത്രോത്സവങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രം യുഗോസ്ലാവിയയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രമായി യുഗോസ്ലാവിയ ഫിലിം അക്കാദമി തെരഞ്ഞെടുത്ത ചിത്രമാണ്. ശ്രീധർ ആണ് ഈ ചിത്രത്തിന് ഉപശീർഷകം തയ്യാറാക്കിയത്.

വൈകുന്നേരം കൃത്യം 5.30ന് തന്നെ മുഴുവൻ സുഹൃത്തുക്കളും കൈരളി മിനി ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.BUSTER KEATON

Image_not_found

ലോകസിനിമയിൽ ചാ‍ർലി ചാപ്ലിനൊപ്പം പ്രാധാന്യമുള്ള മികച്ച കൊമേഡിയനായിരുന്നു ബസ്റ്റർ കീറ്റൺ. ഈ രണ്ട് പേരും സിനിമയിൽ സമകാലികരുമായിരുന്നു; ചാപ്ലിൻ ബ്രിട്ടനിലും കീറ്റൺ അമേരിക്കയിലും. രണ്ട് പേരും, സ്വന്തം സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും അതോടൊപ്പം അതിൽ അഭിനയിക്കുകയും ചെയ്തവരായിരുന്നു.

ചാപ്ലിൻ തന്റെ മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും ആളുകളെ ചിരിപ്പിച്ചപ്പോൾ കീറ്റണിന്റെ സവിശേഷത ഒരു ഭാവവും വിരിയാത്ത മുഖമായിരുന്നു. കീറ്റണിന്റെ മുഖം അതുകൊണ്ടുതന്നെ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്നത് ‘ശിലാമുഖം’ എന്നായിരുന്നു. നിരൂപകർ The Great Stone Face എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തിളക്കമാർന്ന കണ്ണുകളായിരുന്നു അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രധാന സവിശേഷത. പക്ഷെ ആ മുഖത്തോ കണ്ണിലോ ഭാവങ്ങളൊന്നും വിരിഞ്ഞിരുന്നില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഒട്ടുമിക്ക നടീനടന്മാരുടെയും കണ്ണിൽ വിരിയുന്ന ചില ഭാവങ്ങൾ മറുപടി നൽകിയിരുന്നെങ്കിൽ, ബസ്റ്റർ കീറ്റണിന്റെ കണ്ണുകൾക്ക് അത് ബാധകമല്ലായിരുന്നു.

ഫിസിക്കൽ കോമഡി എന്നറിയപ്പെടുന്ന, ഹാസ്യം ഉണ്ടാക്കുന്നതിന് സ്വന്തം ശരീരത്തെ പ്രധാനമാധ്യമമാക്കുന്ന തരം കോമഡിയാണ് കീറ്റൺ തുടർന്നുവന്നത്. എന്തുമാത്രം സാഹസികമായ ഒരു പ്രവർത്തനമാണ് ഫിസിക്കൽ കോമഡി എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് വ്യക്തമാകും. ബസ്റ്റർ കീറ്റൺ ഒരു മഹാനായ ചലച്ചിത്രകാരനായിരുന്നെങ്കിലും ചാപ്ലിനുള്ളത്രയും സാ‍ർവലൗകികത അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഒരു പക്ഷെ ചാപ്ലിന്റെ പ്രഭയിൽ മങ്ങിപ്പോയ ഒരു നക്ഷത്രമാണദ്ദേഹം. പോരാത്തതിന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ കാലത്ത് ഒരു ബ്രിട്ടിഷ് നടന് കിട്ടിയിരുന്ന പ്രാധാന്യം അമേരിക്കൻ നടന് കിട്ടാതിരുന്നതും ഇതിന് കാരണമാവാം. എന്തൊക്കെയായാലും ബസ്റ്റർ കീറ്റൺ എന്ന ചലച്ചിത്രകാരന്റെ പ്രാധാന്യം പിൽക്കാലത്ത് ലോകം തിരിച്ചറിഞ്ഞു. ചലച്ചിത്രലോകത്തിന്റെ വിശാലമായ തിരശ്ശീലയിൽ അദ്ദേഹത്തിന് ചാപ്ലിനൊപ്പം തന്നെ ഇടവും കിട്ടി.

ബസ്റ്റർ കീറ്റണിന്റെ ഏറ്റവും മികച്ചതെന്ന് പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചലച്ചിത്രമേള ഓപ്പൺ ഫ്രെയിം പയ്യന്നൂർ സംഘടിപ്പിക്കുകയാണ്. 2021 ഒക്ടോബർ 13 മുതൽ 17 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന 'ബെസ്റ്റ് ഓഫ് ബസ്റ്റർ കീറ്റൺ' എന്ന മേളയിലെ സിനിമകൾ openframe.online/ എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാവുന്നതാണ്.

ബസ്റ്റർ കീറ്റൺ സിനിമകളിലെ സൌന്ദര്യത്തെ എടുത്തുകാട്ടിക്കൊണ്ടും അദ്ദേഹത്തിന്റെ ചലച്ചിത്ര ഭാഷ വിശകലനം ചെയ്തുകൊണ്ടും പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി എസ് വെങ്കിടേശ്വരൻ നടത്തുന്ന ഉദ്ഘാടന പ്രസംഗം കേൾക്കുകയും ചെയ്യാം.

ഏവരെയും സ്നേഹപൂർവ്വം ഈ അപൂർവ്വമായ ചലച്ചിത്ര മേളയിലേക്ക് സ്വാഗതം ചെയ്യുന്നു.